മലയാള കവിതയുടെ ഗതി നിശ്ചലമല്ല.../വിജു നായരങ്ങാടി




കവിത ഓണപ്പതിപ്പു നല്ലൊരുവായനാവസ്തുവായി; നിരവധി ഓണപ്പതിപ്പുകളിലൂടെ കടന്നു പോകുകയും ഏറെക്കുറെ മെച്ചപ്പെട്ട കവിതകൾ, താരതമ്യേന പുതിയ കവികളുടെ രചനകൾ വായിക്കാൻ ഇടയാവുകയും ചെയ്ത ഈ ഓണക്കാലത്ത്.എന്നാൽ അവയെയെല്ലാം കുറച്ചൊന്നു പിന്തള്ളിയാണ് ഈ ഓണപ്പതിപ്പിന്റെ നിലവാരം നില്ക്കു ന്നതെന്ന് പറയാൻ സന്തോഷമുണ്ട്. ഓണ്‍ലൈനിൽ പല ഘട്ടങ്ങളിൽ പലപ്പോഴായി വായിച്ചു പോന്നിട്ടുള്ള ഇരുപത്തിനാല് കവികളും അവരുടെ കവിതകളും ആണ് ഇവിടെയുള്ളത്.കവിത, രചനാ തലത്തിലും ആവിഷ്കാരതലത്തിലും പുതിയ വഴികൾ തേടുന്നു എന്ന ഒരു പ്രസ്താവം കൊണ്ട് ഇനി വലിയ കാര്യമൊന്നുമില്ല. എന്നാൽ ഈ മാധ്യമം അതിന്റെ സ്വച്ഛന്ദമായ വഴി കണ്ടെത്തിക്കൊണ്ടിരിക്കുന്നു എന്ന് വിളിച്ചു പറയുന്ന സമ്പുടമാണ് ഇത്. ഒരു തികഞ്ഞ ക്രോസ് സെക് ഷൻ .

എല്ലാ കവിതകളും ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ പരാമർശം അർഹിക്കുന്നവയാണ്. മനോജ്‌ കുറൂരിന്റെയും എസ് കണ്ണന്റെയും കരിയാടിന്റെയും ഉമാ രാജീവിന്റെയും രശ്മി കിട്ടപ്പയുടെയും ഷാജി അമ്പലത്തിന്റെയും രാമചന്ദ്രൻ വെട്ടിക്കാടിന്റെയും രചനകൾ അത്തരത്തിൽ വിശദമായ ഒരു കുറിപ്പ് ആവശ്യപ്പെടുന്നുണ്ട്. പല നിലകളിൽ അവ ചർച്ച അർഹിക്കുന്നുമുണ്ട് . എന്നാൽ അതേസമയം തന്നെ അവ ചില തലങ്ങളിൽ ഒരു തീക്ഷ്ണവായനയുടെ മുന്നിൽ പതറുന്നുമുണ്ട്.അതുകൊണ്ട് തന്നെ ഇരുപത്തിനാലുകവിതകളും ഈയ്യൊരു കുറിപ്പിന്റെ ഭാഗം ആവുക വയ്യ. അങ്ങനെ വന്നാൽ കൃത്രിമം ആവും . എന്നാൽ എന്റെ വായനയുടെ, അഭിരുചിയുടെ വഴികളിൽ എന്നോട് ഞെട്ടിപ്പിക്കുന്ന രീതിയിൽ പ്രതികരിച്ച നാലഞ്ചു കവിതകളെങ്കിലും ഇക്കൂട്ടത്തിലുണ്ട്. അവ താരതമ്യേന ഇക്കൊല്ലത്തെ ഓണക്കാലത്ത് വായിച്ച ഏറ്റവും മികച്ചവ തന്നെയെന്നു നിസ്സംസയം പറയുന്നു. ഇതിൽ, ഞാൻ, എന്റെ വായന മുന്നോട്ടു വെക്കുന്ന അഞ്ചു കവിതകൾ എം. ആർ . വിഷ്ണു പ്രസാദിന്റെ 'കശേരു' , എം.ആർ . അനില്കുമാറിന്റെ 'രണ്ടു കവിതകൾ', സിന്ധു കെ.വി.യുടെ 'ഒരു യാത്രികന്റെ ആത്മഗീതങ്ങൾ' കുഴൂര് വിത്സന്റെ 'ഒരു വള്ളിച്ചെടി' ടി പി അനിൽകുമാറിന്റെ 'വരാനുള്ളതുണ്ടോ വഴിയിൽ തങ്ങുന്നു' എന്നിവയാകുന്നു.

ഈ അഞ്ചു കവിതകളും മലയാള കവിതയുടെ ഗതി നിശ്ചലമല്ലെന്നു വിളിച്ചു പറയുന്ന പരസ്യപലകകളാണ്. 'കശേരു', വായനയുടെ പാഠാന്തരങ്ങളെ കവിതയുടെ രൂപത്തിൽ തന്നെ നിക്ഷിപ്തമാക്കുന്ന രചനയാണ് . ഗിമ്മിക്സ് എന്ന് തട്ടിക്കളയാനാവാത്ത വിധം ആ കവിതയുടെ വിന്യാസം ലളിത സ്വഭാവിയായ സങ്കീർണ്ണതയാണ്. അഴിക്കും തോറും മുറുകുന്ന ആ ശില്പവിതാനം കവിതയെ ഒട്ടും മാനസികാദ്ധ്വാനത്തിൽ പെടുത്താതെ വായനയെ നീറിപ്പിടിപ്പിക്കുന്ന ഒരനുഭവം ആക്കുന്നുണ്ട്.ആഖ്യാനത്തിന്റെ മൂന്നു ലയറിനെ
അസാമാന്യമായ കയ്യടക്കത്തിൽ ലയിപ്പിച്ചു നിരത്തി അക്ഷരാർഥത്തിൽ ലായനീ പരുവത്തിലാണ് ഈ കവിത പ്രവർത്തിക്കുന്നത് . വാക്കിന്റെ വഴക്കം എന്നാണു ആദ്യവായന ഈ കവിതയെ വിസ്മയിപ്പിച്ചത്. കവിതയുടെ പരമ്പരാഗതമായ ഒരു സ്കൂളിൽ നിന്നുമല്ല ഈ കവിത വരുന്നത്. എന്നിട്ടും ആ അപരിചിതത്വം വായനയെ ഒട്ടും അലോസരപ്പെടുത്തുന്നില്ല എന്നതാണ് കാര്യം.

എം. ആർ അനില്കുമാറിന്റെ 'എകാന്താതെ.. സങ്കടം ആണ് അയാളുടെ രണ്ടു കവിതകളിൽ മികച്ചത്. 'വിരസത പോലെ ഇത്ര വിജനമായ ഒരു നഗരമില്ല' എന്നയാൾ എഴുതുന്നു.ഒരു മുൻകാല തുടർച്ച എന്ന് തോന്നുമ്പോഴേക്കും അയാൾ ഇന്നത്തെ നഗര ബോധത്തിലേക്കും നഗര ബോദ്ധ്യത്തിലേക്കും വായനയെ വലിച്ചെറിഞ്ഞു കളയുന്നു. നമ്മുടെ നഗരവൽകരണം സത്യത്തിൽ മെട്രോവൽക്കരണത്തിന്റെ വെറും ഛായാ പടം മാത്രമായിരുന്നു. അവിടെ നാം മലയാളികൾ നഗരജീവിയുടേതല്ലാത്ത കുപ്പായമിട്ട് ഏകാന്തത സ്വയം വരിച്ച് സ്വന്തം ഭാഷയിൽ നിന്ന് പോലും അന്യനായി . അതിന്റെ 'ദുരന്തപരമാവധിയാണ്' ഈ കവിത. അവിഷ്കരണത്തിലെ പുതുമയെക്കാൾ അപ്പുറം ഏറ്റവും കാലികം എന്ന് പറയാവുന്ന കാഴ്ച്ചയെ സൂക്ഷ്മമായി അയാൾ പിടിച്ചെടുത്തു വിക്ഷേപിച്ചു എന്നതാണ് ഇവടെ കാര്യമായിത്തീരുന്നത്‌ . ചിലപ്പോൾ കവിത കാര്യം കൂടിയാണ്.

ഈ കവിതകളിൽ മനസ്സെന്ന പ്രതിഭാസം കവിയുടെ ഇന്ധനമായി കത്തുന്നത് സിന്ധു കെ.വിയുടെ യാത്രികന്റെ ആത്മഗീതങ്ങളിലാണ്. ദൃശ്യം സ്പർശം എന്നീ അനുഭവ രാശികളെ വാക്കിൽ ഒതുക്കി നിർത്തുന്ന കലാവിദ്യയാണ് ഈ കവിതയുടെ മർമ്മം. നമുക്കൊരിക്കലും പരിചിതമല്ലാത്ത എന്നാൽ മനസ്സു ഉടക്കി നില്ക്കുന്ന ഒരു ഭൂഭാഗ ചാരുത കവിതയുടെ കാൻവാസിൽ നിറച്ച് അവിടെ മഞ്ഞിന്റെ തണുപ്പും തീയിന്റെ ചൂടും പ്രണയ രതികളായി പകർന്നു വെച്ച് കവിതയെ ഒന്ന് മുങ്ങിനീരാനുള്ള ഇടമാക്കി മാറ്റുന്നുണ്ട് സിന്ധു. വ്യത്യസ്തങ്ങളായ സ്ഥലിയിലൂടെയുള്ള ചിര പരിചിത ജീവിതത്തിറെ പിടഞ്ഞു പിടഞ്ഞുള്ള യാത്ര ഈ കവിതയെ ഇക്കാലത്തെ ഓണക്കവിതകളി ൽ ഏറ്റവും മികച്ച ഒന്നാക്കി മാറ്റിയിട്ടുണ്ട്.

കുഴൂരിന്റെ വള്ളിച്ചെടിയും ഇത് പോലെത്തന്നെ. പ്രതീക്ഷിതങ്ങളിൽ അപ്രതീക്ഷിതങ്ങളെ ഒരുക്കുക എന്ന എഴുത്തിന്റെ വിചിത്രമായ രീതി കുഴൂരിന്റെ കവിതകളെ ആർഭാട രഹിതമായ ഒരനുഭവം ആക്കുന്നു. വളരെ വിനീതമായി മാത്രം കുഴൂരിന്റെ വാക്കുകൾ സഞ്ചരിക്കുന്നു. വിനീതമായി മാത്രം അവ സംസാരിക്കുന്നു,പെരുമാറുന്നു. പക്ഷെ അവ ഉള്ളിൽ പേറുന്ന സ്ഫോടനത്തിന്റെ ഭാരം കവിത പേറിനില്ക്കുന്നതാണ് വായനയിലെ അത്ഭുതം.

'ജീവനുള്ള ഒരു പാമ്പിന്റെ
മുകളിലൂടെ ഒരുവള്ളിച്ചെടി പടർന്നാൽ
അത് ആപാമ്പും ആ വള്ളിച്ചെടിയും പരസ്പ്പരം അറിഞ്ഞാൽ
ആരാവും അധികം ആശങ്കപ്പെടുക
പേടിച്ച്പേടിച്ച്അനങ്ങുക
ആരാവും ആദ്യം പിടിവിടുക'

ഈ കവിതയ്ക്കകത്തു നിന്ന് ഇങ്ങനെ പിരിച്ചെടുത്താൽ മറ്റൊരു കവിതയാകുമായിരുന്ന ഈ വരികളിലാണ് കവിതയുടെ ജീവൻ അയാൾ ഒളിപ്പിച്ചു വെച്ചത് എന്നറിയുക.രാക്ഷസന്റെ ജീവൻ ഒളിപ്പിചിരിക്കുന്നത് എവിടെ എന്ന കുട്ടിയോടുള്ള ചോദ്യത്തിനുള്ള വിചിത്രമായ ഉത്തരം പോലെ കവിത പെരുമാറുന്നു, പിന്നീട്. പുതിയ കാലം അതിന്റെ ഗതിക്രമങ്ങൾ അതിനെ നേരിടാനുള്ള ഇച് ഛാ ശക്തിയുടെ നിരാശ! ചുരുക്കത്തിൽ നമ്മൾ ഓരോരുത്തരും ഈ കവിതയിൽ പ്രതികളാവുന്നു.

ഒടുവിൽ ടി .പി. അനിൽ കുമാറിന്റെ 'വരാനുള്ളതുണ്ടോ വഴിയിൽ തങ്ങുന്നു!' അത് ഒടുവിലേക്ക് വെച്ചത് ഈ കുറിപ്പിനോടുള്ള കവിതയുടെ പ്രതികരണം പോലും അങ്ങനെയാവാം എന്നുള്ളത് കൊണ്ടാണ്. പുതുകവിത അപ്പൊസ്തലന്മാരോ ഗോഡ് ഫാദർമാരോ ഇല്ലാതെ പുലരുന്നതാണെന്ന, അങ്ങനെ ആവെണ്ടാതാണെന്ന ഒരുറച്ച ബോധ്യം കവിതയ്ക്കും കവികൾക്കും വന്നു കഴിഞ്ഞ കാലമാണ് ഇത്. ഒരാളുടെതല്ല , അയാള് ഭരിക്കുന്ന അങ്ങാടിനിലവാരബോധമല്ല കവിതയുടെ കേന്ദ്രത്തിൽ ഇന്നുള്ളതെന്നു നിസ്സംശയം പറയുന്ന ഇക്കാലത്തെ കവിതയെ ഒന്നാകെ ജാമ്യത്തിലെടുക്കുന്ന കവിതയാണിത്.

ഈ ശ്രമത്തിന്റെ ഭാഗമായി തീർന്ന ബാക്കി പത്തൊൻപത് കവിതകളും പല തരത്തിൽ വായിക്കപ്പെടേണ്ടവയാണ്. കണ്ണനും ഹരിശങ്കറും ഉമയുമെല്ലാം ഇനിയും ദൂരങ്ങൾ താണ്ടാനുള്ള വരും പദമുറച്ചവരുമാണ് . ഇതൊരു മികച്ച വായനാ സന്ദർഭമായി എന്ന് ഒരിക്കൽ കൂടി.

8 comments:

  1. നല്ലൊരു പഠനം . വളരെ ഉപകാരപ്രദമായ ലേഖനം.

    ReplyDelete
  2. This comment has been removed by a blog administrator.

    ReplyDelete
  3. വിജു സാറിന്റെ നിരീക്ഷണങ്ങളോട് ഒരളവു വരെ യോജിക്കുന്നു. എന്നാല്‍, മുന്നോട്ട് വച്ച കവിതകളില്‍ നിസ്സംശയം വെട്ടിക്കളയാവുന്ന കവിതയായിരുന്നു ടി പി അനിൽകുമാറിന്റെ 'വരാനുള്ളതുണ്ടോ വഴിയിൽ തങ്ങുന്നു' എന്നത്. എന്നാല്‍ നിരഞ്ജന്റെയും കരിയാടിന്റെയും കുറൂറിന്റെയും കവിതകള്‍ കുറേക്കൂടി വിശദമായ ചര്‍ച്ചയ്ക്കെടുക്കേണ്ടതായിരുന്നു.വിഷ്ണുപ്രസാദിന്റേത് കവിതയല്ല ,ഒരു കുറിപ്പാണ്. ടി.പി.വിനോദിന്റെയും കണ്ണന്റെയും പ്രതാപ് ജോസഫിന്റെയും മണി സാരംഗിന്റേയും കവിതകള്‍ തെരഞ്ഞെടുത്തത് അവരെ അപമാനിക്കാനാണോ എന്നു സംശയിക്കുന്നു... വാര്‍ഷികപ്പതിപ്പില്‍ വളരെ ശ്രദ്ധേയമായി തോന്നിയത് രണ്ടു കവിതകളാണ്..കുഴൂരിന്റെ വള്ളിച്ചെടിയും എം.ആര്‍.വിഷ്ണുപ്രസാദിന്റെ കശേരുവും. ഒരു വള്ളിച്ചെടിയുടെയത്രയും സ്വാഭാവികതയോടെ വാക്കിന്റെ പടര്‍പ്പുകള്‍ നീട്ടാന്‍ സാധിക്കുന്നു എന്നതാണ് കുഴൂരിന്റെ വിജയം. വിസ്മയം എം.ആര്‍.വിഷ്ണുപ്രസാദാണ്.അവന്റെ കശേരു കുരുക്കിട്ടു പിടിക്കുന്ന ഭാഷ കുരുങ്ങുന്ന അനുഭവങ്ങളുടെ വൈദ്യുതകാന്തികതരംഗങ്ങളാണ്. അവന്റെ കവിതയില്‍ കമന്റിട്ടത് ഞാനിവിടെ വീണ്ടും എഴുതട്ടെ: വാരിധി തന്നില്‍ തിരമാലകള്‍ പോലെ കവിതയിലേക്ക് വരികള്‍ തള്ളിക്കയറിയതിന്റെ കാവ്യചരിത്രമേ ഇതുവരെ എഴുതപ്പെട്ടിട്ടുള്ളൂ.. എന്നാലിതാ, ഇടുപ്പെല്ലില്‍ ചവുട്ടി ഓരോ കശേരുക്കളിലൂടെയും ചവുട്ടിച്ചവുട്ടി കയറിപ്പോകുന്ന രസികന്‍ ഭാവനയായി വരികള്‍ അസാമ്പ്രദായികമായി കവിതയില്‍ നിരക്കുന്നു/നിരക്കാത്തത് ചെയ്യുന്നു... പുറം, അകം, അകമകം,പിന്നെപ്പുറമെന്നിങ്ങനെ പലതായി ചിതറിപ്പോകുന്നൊന്നല്ലാത്ത നോട്ടത്തില്‍ എഴുത്തിനെപ്പറ്റിയുള്ള വിചാരങ്ങള്‍ പുതുരീതിയില്‍ വിന്യസിക്കപ്പെടുന്നു... പിടിതരാതോടുന്ന ഇത്തരം ഭാവനകളെ വേട്ടയാടിപ്പിടിക്കാനുള്ള മൂര്‍ച്ചകള്‍ ഭാഷയില്‍ രാകിയെടുക്കുമ്പോഴാണ് കവിത പുതുക്കപ്പെടുന്നത്... നന്ദി വിജുമാഷ്

    ReplyDelete
    Replies
    1. ///ടി.പി.വിനോദിന്റെയും കണ്ണന്റെയും പ്രതാപ് ജോസഫിന്റെയും മണി സാരംഗിന്റേയും കവിതകള്‍ തെരഞ്ഞെടുത്തത് അവരെ അപമാനിക്കാനാണോ എന്നു സംശയിക്കുന്നു... ///

      :) ഒരിക്കലുമല്ല..

      Delete
  4. നന്ദി വിഷ്ണുപ്രസാദ്, അരുണ്‍ പ്രസാദ് ,സുജീഷ് എന്‍ എം,വിനീത് ......

    ReplyDelete