കശേരു 

എം ആര്‍ വിഷ്ണുപ്രസാദ്


ആദ്യം ഇടുപ്പെല്ലില്‍ ചവിട്ട് ...
എന്നിട്ട് ഓരോ കശേരുക്കളിലും ചവുട്ടി ചവുട്ടി കേറി വാ...

മൂന്നുപേര്‍ ഒരാളെ കാണാന്‍ വരുന്നു എന്നിരിക്കട്ടെ. ഇന്ന് വെളുപ്പിന് ആ ഒരാള്‍ ഞാന്‍ ആയി മാറുന്നു. അന്നേരം മുതല്‍ എനിക്ക് കവിത എഴുതാനറിയാം.അതിനു ശേഷമാണ് പേന ആദ്യമായി കൈ കൊണ്ട് തൊട്ടതും വാക്കുകള്‍ കുടഞ്ഞ്‌ കുടഞ്ഞ്‌ മുറിയാകെ മഷി പടര്‍ത്തിയതും. കഴിഞ്ഞ ദിവസം വരെ വെള്ളക്കടലാസ്സു കൊണ്ട് ഒരു ഉപയോഗവുമില്ലാതിരുന്ന ആള്‍ ആടിക്കുഴഞ്ഞ കൈകള്‍ കൊണ്ട് രണ്ടു വരി എഴുതി.

ഒന്നാമത്തെ വരി - ആളു മാറിപ്പോയൊരുത്തന്‍ കവിയാകുന്നു
രണ്ടാമത്തെ വരി - വീട് മഷിക്കറ കൊണ്ട് കാട് പിടിക്കുന്നു

ഇനി ആളുമാറി കവിയായതിനു മുന്‍പുള്ള ആളെ നമുക്ക് പിന്‍തുടരാം. അയാളുടെ വീട്ടില്‍ ഇന്ന് രാവിലെ എത്തിച്ചേര്‍ന്ന മൂന്നു പേരില്‍ ഒരാളാണ് ഞാന്‍..  മറ്റുള്ളവരെ എനിക്കറിയില്ല. അത് ചിലപ്പോള്‍ ആളുമാറിയവന്റെ കവിത വായിക്കുന്ന കോടാനുകോടി ജനങ്ങളില്‍ രണ്ടു പേരാകാം. നമുക്ക് വേണ്ടത് ആളുമാറിപോയവന്റെ പൂര്‍വ ജീവിതമാണ്.

മൂന്നാമത്തെ വരി  - വെള്ളപൂശിയ വീട്ടില്‍ പുതച്ചുറങ്ങിയോന്‍
നാലാമത്തെ വരി - ഇതാ രാവെളുക്കോളമുലാത്തുന്നൂ
അഞ്ചാമത്തെവരി - ആളുമാറി കുടഞ്ഞിട്ട
ആറാമത്തെ വരി - കറുത്ത മഷിക്കുമേല്‍

കവിയാകുന്നതിനു മുന്‍പ് അയാള്‍ എപ്പോഴും ഉറങ്ങുന്നവനായിരുന്നു. അയാളുടെ വീട് വെള്ള പൂശിയതായിരുന്നു. അയാളുടെ പുതപ്പിനുള്ളില്‍ കയറിപറ്റിയാല്‍ കാര്യങ്ങള്‍ വളരെ എളുപ്പമാണ്. എങ്ങനെയെങ്കിലും ആളുമാറി കവിയായിപ്പോയോന്റെ ചരിത്രമറിയണം. ചരിത്രമറിയാന്‍ പുതപ്പിനുള്ളില്‍ വലിഞ്ഞു കേറേണ്ടി വരുന്നതില്‍ നാണക്കേടുണ്ട്. പക്ഷെ ആ മൂന്നു പേരില്‍ ഒരാളാണ് ഞാന്‍. എനിക്ക് കണ്ണുകളുണ്ട് ഞാന്‍ കവിത വായിക്കുന്നവനാണ്. അഞ്ചാമത്തെ വരിയില്‍ വെച്ച് അയാളുടെ പുതപ്പിനുള്ളില്‍ വലിഞ്ഞു കേറുന്നു.

ഏഴാമത്തെ വരി - ഉറങ്ങുന്നേരമയാളുടെ എല്ലു നുറുങ്ങുന്നു
എട്ടാമത്തെ വരി - തൊലി ചുളിഞ്ഞ് പുതപ്പാകുന്നു.

കവിയായി മാറപ്പെട്ട ഒരാള്‍ അങ്ങനെയാകുന്നതിനു മുന്‍പ് അയാളുടെ പുതപ്പ് അയാളുടെ തൊലി തന്നെയായിരുന്നു. തൊലിക്കുള്ളിലിരുന്ന് അയാളുടെ എല്ലുകള്‍ എപ്പോഴും ശബ്ദമുണ്ടാക്കി കൊണ്ടിരുന്നു. ഇത് നല്ലൊരു അവസരമാണ്. കവിയായി മാറപെടുന്നതിനു മുന്‍പുള്ള ഒരാളുടെ ശബ്ദിക്കുന്ന എല്ലുകളോട് സംസാരിക്കാനുള്ള സുവര്‍ണ്ണാവസരം.

ഒന്‍പതാമത്തെ വരി - എന്താണ് നിങ്ങളുടെ പേര്?
പത്താമത്തെ  വരി - L
പതിനൊന്നാമത്തെ വരി - അയാളുടെ ശരീരത്തിന്റെ ഏതു ഭാഗത്ത്‌ താമസിക്കുന്നു?
പന്ത്രെണ്ടാമത്തെ വരി - ഇടുപ്പില്‍ നിന്ന് തലയോട്ടിയിലേക്ക് ചാരി വെച്ച നട്ടെല്ലില്‍
പതിമൂന്നാമത്തെ വരി - നിങ്ങള്‍ അയാളുടെ തലച്ചോറിലേക്ക് എത്തി നോക്കിയിട്ടുണ്ടോ? അവിടെ എന്താണ് നടക്കുന്നത്?
പതിനാലാമത്തെ വരി - അതൊക്കെ നേരിട്ട് വന്ന് കാണണം
പതിനഞ്ചാമത്തെ വരി - എന്താ മോളിലോട്ട് കയറി വരുന്നോ?
പതിനാറാമത്തെ വരി - എങ്ങനെ കേറും വേഗം പറ
പതിനേഴാമത്തെ വരി - ആദ്യം ഇടുപ്പെല്ലില്‍ ചവിട്ട് എന്നിട്ട് ഓരോ കശേരുക്കളിലും
ചവുട്ടി ചവുട്ടി കേറി വാ

ആദ്യം ഇടുപ്പെല്ലില്‍ ചവിട്ട്
എന്നിട്ട് ഓരോ കശേരുക്കളിലും ചവുട്ടി ചവുട്ടി കേറി വാ

അങ്ങനെയാണ് ഞാനും, L എന്നയാളും നിങ്ങളും കൂടി ആളുമാറി കവിയായ ഒരുത്തന്‍റെ തലയോട്ടിയില്‍ ഇന്ന് രാവിലെ നേരം വെളുത്തപ്പോള്‍ കയറി ചെന്നത്. അയാള്‍ ഇരുകൈയ്യിലും മഷിപ്പേന പിടിച്ച് നൃത്തം ചെയ്യുകയായിരുന്നു. അയാളുടെ വീടിന്റെ ഭിത്തികള്‍ മഷിക്കറ കൊണ്ട് പായല്‍ മൂടിയിരുന്നു. അയാളുടെ എല്ലുകള്‍ ഒന്നും മിണ്ടിയില്ല. അയാളുടെ തൊലി ഒരു പുതപ്പായിരുന്നെന്ന് വിശ്വസിക്കാനേ കഴിയുന്നില്ല. അയാള്‍ നമുക്ക് മുന്നില്‍ വെച്ച് ആടിക്കുഴഞ്ഞ കൈകള്‍ കൊണ്ട് രണ്ടു വരി എഴുതി.

പതിനെട്ടാമത്തെ വരി
പത്തൊന്‍പതാമത്തെ വരി 

9 comments:

  1. ഇരുവതാമത്തെ വരിയില്‍ നിന്നെ കവിത ആളുമാറാതെ കോര്‍ത്തു പിടിക്കുന്നുഡാ.

    ReplyDelete
  2. This comment has been removed by the author.

    ReplyDelete
  3. വിശകലനം വശമില്ല.എങ്കിലും,ചില കവിതകൾ വിസ്മയിപ്പിച്ചുകൊണ്ട് പുതിയ കാലത്തിന്റെ കവിതയുടെ പാഠപുസ്തകങ്ങളായി മാറുന്നു.

    ReplyDelete
  4. വിശകലനം വശമില്ല.എങ്കിലും,ചില കവിതകൾ വിസ്മയിപ്പിച്ചുകൊണ്ട് പുതിയ കാലത്തിന്റെ കവിതയുടെ പാഠപുസ്തകങ്ങളായി മാറുന്നു.

    ReplyDelete
  5. ചരിത്രമറിയാന്‍ പുതപ്പിനുള്ളില്‍ വലിഞ്ഞു കേറേണ്ടി വരുന്നതില്‍ നാണക്കേടുണ്ട്. പക്ഷെ ആ മൂന്നു പേരില്‍ ഒരാളാണ് ഞാന്‍. എനിക്ക് കണ്ണുകളുണ്ട് ഞാന്‍ കവിത വായിക്കുന്നവനാണ്. അഞ്ചാമത്തെ വരിയില്‍ വെച്ച് അയാളുടെ പുതപ്പിനുള്ളില്‍ വലിഞ്ഞു കേറുന്നു.

    ReplyDelete
  6. വാരിധി തന്നില്‍ തിരമാലകള്‍ പോലെ കവിതയിലേക്ക് വരികള്‍ തള്ളിക്കയറിയതിന്റെ കാവ്യചരിത്രമേ ഇതുവരെ എഴുതപ്പെട്ടിട്ടുള്ളൂ.. എന്നാലിതാ, ഇടുപ്പെല്ലില്‍ ചവുട്ടി ഓരോ കശേരുക്കളിലൂടെയും ചവുട്ടിച്ചവുട്ടി കയറിപ്പോകുന്ന രസികന്‍ ഭാവനയായി വരികള്‍ അസാമ്പ്രദായികമായി കവിതയില്‍ നിരക്കുന്നു/നിരക്കാത്തത് ചെയ്യുന്നു... പുറം, അകം, അകമകം,പിന്നെപ്പുറമെന്നിങ്ങനെ പലതായി ചിതറിപ്പോകുന്നൊന്നല്ലാത്ത നോട്ടത്തില്‍ എഴുത്തിനെപ്പറ്റിയുള്ള വിചാരങ്ങള്‍ പുതുരീതിയില്‍ വിന്യസിക്കപ്പെടുന്നു... പിടിതരാതോടുന്ന ഇത്തരം ഭാവനകളെ വേട്ടയാടിപ്പിടിക്കാനുള്ള മൂര്‍ച്ചകള്‍ ഭാഷയില്‍ രാകിയെടുക്കുമ്പോഴാണ് കവിത പുതുക്കപ്പെടുന്നത്.

    ReplyDelete
  7. നന്ദി വിഷ്ണുപ്രസാദ്, അരുണ്‍ പ്രസാദ് ,സുജീഷ് എന്‍ എം,വിനീത് ......

    ReplyDelete
  8. ചരിത്രം അറിയാന്‍ പറ്റാത്തതില്‍ നാണക്കേടുണ്ടോ എന്ന് ചോദിക്കാമെന്നു വച്ചു, എന്നോട്. കോടാനുകോടി ആളുകളില്‍ നിന്നു രണ്ടുപേരെ തൂക്കിയെടുക്കുന്നതിനെക്കാള്‍ നിസ്സരമല്ലിയോ അത്. പത്താമത്തെ വരി എന്നെ രക്ഷിക്കുന്നു. അത് സ്വാതന്ത്ര്യത്തിനു മുമ്പത്തെ നമ്മുടെ പതാക അല്ലിയോ. എനിക്കു ചരിത്രം അറിയാം ഞാന്‍ ആഹ്ലാദിക്കുന്നു.ഇടുപ്പെല്ലില്‍ ചവിട്ടി കശേരുക്കളില്‍ ചവിട്ടി ഞാന്‍ എന്‍റെ തലയോട്ടിയില്‍ എത്തിചേര്‍ന്നു. എനിക്കിപ്പോള്‍ സയന്‍സും വശമായി.പതിനെട്ടാമത്തെ വരിയില്‍ നീ ജീവിച്ചിരിക്കുന്നതായി അറിയാന്‍ കഴിയുന്നു.പത്തൊമ്പതാമത്തെ വരിയില്‍ മരിച്ചു പോയവര്‍ അവരുടെ അവസാനത്തെ നൃത്തത്തിനു എഴുതിയുണ്ടാക്കിയ പാട്ട് ഏറ്റവും ഉറക്കെ വച്ചിരിക്കുന്നു. ഇതിലും വലിയ സന്തോഷമില്ല!

    ReplyDelete