എങ്ങനെ ജീവിച്ചാലും പാട്ടിലാകാതെ തരമില്ലെന്നു വരുമ്പോൾ.

ജിതിൻ ചേമ്പിൽ



ബോധമരുന്നടിച്ചു കിടക്കുമ്പോ 
വിളിച്ചെഴുന്നേൽപ്പിക്കുന്നു 
പകൽ. 
ഇന്നലെയും നാളെയും ഉപമകളിളില്ലാത്തതിനാൽ
ഒന്നിനോടുമാരോടും മിണ്ടാതെ 
വൈകുന്നേരത്തിനെ കാത്തു നില്ക്കുന്ന വേളയിൽ,
ബോധ മരുന്നിനെയും രാത്രിയെയും-
ഇടവിട്ടോർക്കാൻ 
കയ്യിലേറെയുള്ള സമയത്തെ , എങ്ങുമെത്താത്ത 
ഉറക്കത്തോട് കൂട്ടി കെട്ടാൻ
ഇനിയെന്ത് ചെയ്യും എന്നാലോചിക്കുന്നു 
ആലോചിക്കുന്നു ...
ആലോചിക്കുന്നു ...
ആലോചനകൾ അറ്റമില്ലാ പാതകളാകുന്നു
അവ നീണ്ടുകിടക്കുന്ന റെയിൽ പാളങ്ങളെ 
പ്രതിനിധീകരിക്കുന്നു.
യാത്രകൾക്കവസാനം മടങ്ങി വരുന്നവരെയും 
തീരാ യാത്രകൾ പോകുന്നവരെയും 
പുതിയ റയിൽ പാളങ്ങൾ ഓർക്കുന്നു.
ഇടവിട്ട്‌ കിടക്കുന്ന സ്റ്റേഷനുകൾക്ക്
നന്ദി പറയുന്നു .
ഗിറ്റാരിനുള്ളിൽ ഉറങ്ങാൻ കൊതിക്കുമ്പോൾ
രണ്ടു തന്ത്രികളെ മാത്രം 
ധ്വനിപ്പിച്ചു കൊണ്ട് 
നീണ്ടു കിടക്കുന്ന  തീവണ്ടിപ്പാളങ്ങൾ
എളുപ്പത്തിൽ തീര്ന്നു പോകാത്ത
സംഗീതം പൊഴിക്കുന്നു 
ഉറങ്ങിയുണർന്നവരെ പാട്ടിലാക്കുന്നു.
**
രാത്രിയാകുന്നു
ബോധമരുന്നില്ലാതെ ഒരു രാത്രി 
സങ്കടരാഗത്തിൽ  ഇന്നലെകളുടെ 
ഗീതങ്ങൾ 
കഴിഞ്ഞു പോയവ, കേട്ട് കഴിഞ്ഞവ 
വിഷാദത്തിൽ/വിരോധത്തിൽ 
വീണ്ടും വീണ്ടുമോർക്കുന്നു 
നാളെകൾ നമ്മളൊന്നിച്ചായിരിക്കണം
നാളെകളിലെ  അവളുടെ കഴുത്തിലെ-
ടാറ്റൂവിനെ ഓർക്കുന്നു
ഇരവിനോടും തെരുവിനോടും 
രാജാവിന്റെ പ്രതിമയോടും 
സംസാരിച്ചു സംസാരിച്ചു നടക്കുമ്പോൾ 
നാലുവരിപ്പാതകൾ, കൈത്തണ്ടകൾ
വിയോളയാക്കി
വായിച്ചാലുണ്ടാകും വിധം 
കാണിച്ചു തന്നു കൊണ്ടിരുന്നു 
ഞാനീ 
ഉറങ്ങാത്ത തെരുവിനെ പാട്ടിലേറ്റുന്നു.

ഇനി മുഴുവൻ 
ഉറങ്ങിയവരും
ഉണർന്നവരും
ഉറങ്ങാതിരിക്കുന്നവരും 
ഒരേ രാത്രിയിൽ പകലിൽ പാട്ടിൽ ..  

8 comments:

  1. ഏതെങ്കിലും ഒരു പാട്ടിലല്ല, ജീവതാളം വേഗമാകുന്ന ഒരു പാട്ടില്‍. അബോധത്തിലും സൌഖ്യമെന്നനുഭാവമാകുന്ന പാട്ടില്‍...

    ReplyDelete
  2. ഗിറ്റാരിനുള്ളിൽ ഉറങ്ങാൻ കൊതിക്കുമ്പോൾ
    രണ്ടു തന്ത്രികളെ മാത്രം
    ധ്വനിപ്പിച്ചു കൊണ്ട്
    നീണ്ടു കിടക്കുന്ന തീവണ്ടിപ്പാളങ്ങൾ
    എളുപ്പത്തിൽ തീര്ന്നു പോകാത്ത
    സംഗീതം പൊഴിക്കുന്നു ..... നന്നായി...

    ReplyDelete
  3. ഞാനീ
    ഉറങ്ങാത്ത തെരുവിനെ പാട്ടിലേറ്റുന്നു.:)

    ReplyDelete